By Greeshma Rakesh.22 03 2023
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഓപ്പറേഷന്‍ സമയത്തും തിരികെ വാര്‍ഡിലേക്ക് മാറ്റുമ്പോഴും രോഗികളായ സ്ത്രീകള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാകും എന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
സംഭവത്തില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതിയെ തുടര്‍ന്നാണ് ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇയ്യാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നീതി ലഭ്യമാകുന്നത് വരെ കമ്മീഷന്റെ പൂര്‍ണ്ണ പിന്തുണ യുവതിക്ക് ഉണ്ടാകുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ഉറപ്പു നല്‍കി.മാത്രമല്ല ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സതീദേവി പറഞ്ഞു.
കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തുന്നതിനും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും കമ്മീഷന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും അഡ്വ.പി സതീദേവി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടുമായും പ്രിന്‍സിപ്പലുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ ചര്‍ച്ച നടത്തി.