By priya.23 09 2023
ഖാലിസ്ഥാന്‍ വാദി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചു. ന്യൂ യോര്‍ക്കില്‍ വിദേശ കാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കാനഡയെ പരോക്ഷമായി വിമര്‍ശിച്ചും ഇന്ത്യയെ പിന്തുണച്ചും പ്രസ്താവന പുറത്തിറക്കിയത്.
ഭീകരവാദികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി.
'പോക്‌സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാം': ഹൈക്കോടതി
കൊച്ചി: പോക്‌സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. ഓരോ കേസിലും വസ്തുതയും സാഹചര്യവും പരിശോധിച്ചു കോടതികള്‍ക്ക് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പോക്‌സോ കേസുകളുടെ ഗൗരവസ്വഭാവം പരിഗണിച്ചാല്‍ നിയമപ്രകാരം മുന്‍കൂര്‍ ജാമ്യത്തിനുള്ള വിലക്ക് ന്യായമാണെങ്കിലും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ വടക്കേക്കര, വടക്കഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണു ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ.
ഈ വിലക്ക് എപ്പോഴും ബാധകമാക്കേണ്ടതില്ല. കുടുംബക്കോടതിയില്‍ മക്കളുടെ കസ്റ്റഡി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ പിതാവിനെതിരെ വ്യാജ പീഡനം ആരോപിക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നതായി ഹൈക്കോടതി മറ്റൊരു വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള വിലക്ക് ബാധകമാക്കിയാല്‍ അതു നിരപരാധികളോടുള്ള നീതികേടാകുമെന്നു കോടതി പറഞ്ഞു.
കുറ്റവാളികളെ ശിക്ഷിക്കുന്നതു പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണ്. വ്യാജ ആരോപണം ബോധ്യപ്പെട്ടാല്‍, നിയമപ്രകാരം മുന്‍കൂര്‍ ജാമ്യത്തിനുള്ള വിലക്ക് ബാധകമാക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു.