By web desk .27 11 2022
പ്യോങ്യാങ്: തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യം ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് എന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും ആണവായുധങ്ങള്‍ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ, തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം'കിം പറഞ്ഞു.
ഹ്വാസോങ്-17നെ ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാനമായ ആയുധം എന്നാണ് കിം വിശേഷിപ്പിച്ചത്.ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ അതിശയകരമായ കുതിച്ചുചാട്ടം നടത്തിയെന്നും കിം പറഞ്ഞു.
പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കൊപ്പം കിം ഫോട്ടോയ്ക്ക് പോസ് ചെയ്തു. അസാധാരണമായ വേഗത്തില്‍ രാജ്യത്തിന്റെ ആണവ പ്രതിരോധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
പാര്‍ട്ടിയുടെയും കിമ്മിന്റെയും സമ്പൂര്‍ണ അധികാരം സംരക്ഷിക്കുമെന്ന് അവരെല്ലാം പ്രതിജ്ഞയെടുത്തു. തങ്ങളുടെ മിസൈലുകള്‍ കിം സൂചിപ്പിച്ച ദിശയില്‍ മാത്രമേ പറക്കുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ ശക്തമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഹ്വാസോങ്-17 മിസൈലിന് 'ഡിപിആര്‍കെ ഹീറോ ആന്‍ഡ് ഗോള്‍ഡ് സ്റ്റാര്‍ മെഡലും ഓര്‍ഡര്‍ ഓഫ് നാഷണല്‍ ഫ്ലാഗ് ഒന്നാം ക്ലാസും' എന്ന പദവി നല്കി.
ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നതാണ് ഡിപിആര്‍കെയുടെ മുഴുവന്‍ രൂപം. അമേരിക്കയുടെ ആണവ മേധാവിത്വത്തിനെതിരെ നിലകൊള്ളാന്‍ കഴിവുള്ള ഒരു സമ്പൂര്‍ണ്ണ ആണവശക്തിയാണ് ഡിപിആര്‍കെയെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമായി തെളിയിച്ചെന്നും ഉത്തരകൊറിയ അഭിപ്രായപ്പെട്ടു.