കെ.എം.ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

By Priya.25 11 2022

imran-azhar

 

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

 

സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ നടപടികള്‍ രണ്ടു മാസത്തേക്ക് നിര്‍ത്തിവയ്ക്കാനും ഉത്തരവ്.പ്രതികള്‍ക്കെതിരായി മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.


വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നത്. മുന്‍പ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും പ്രതിഷേധം ഉയര്‍ന്ന് വന്നതോടെ സപ്ലൈകോ ജനറല്‍ മാനേജരാക്കി നിയമിച്ചിരുന്നു.

 

പ്രതികളുടെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

 

 

 

OTHER SECTIONS