By priya.05 06 2023
കൊച്ചി: നടന്‍ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. തൃശൂര്‍ കയ്പമംഗലത്ത് വച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുധിക്കൊപ്പം ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. ഇവരെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.