മുടിയില്‍ പിടിച്ചുവലിച്ച് പലതവണ അടിച്ചു; അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി; കാലു കൊണ്ട് മുഖത്ത് അമര്‍ത്തി

By Web Desk.21 06 2021

imran-azhar

 


കൊല്ലം: നിലമേല്‍ കൈതോട് സ്വദേശി വിസ്മയ ഭര്‍ത്താലിന്റെ വീട്ടില്‍ അനുഭവിച്ചത് ക്രൂര പീഡനം. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ നിരന്തരം മര്‍ദ്ദനത്തിന് ഇരയായതായി ബന്ധുക്കള്‍ പറയുന്നു.

 

തിങ്കളാഴ്ച രാവിലെയാണ് ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഇരുപത്തിനാലുകാരിയായ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

 

 

 

മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തൊട്ടുതലേന്നും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി സഹോദരന് വിസ്മയ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

 

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ മോശമാണെന്നു പറഞ്ഞായിരുന്നു ഭര്‍ത്താവ് വിസ്മയയെ മര്‍ദ്ദിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. അച്ഛനെയും തന്നെയും അസഭ്യം പറഞ്ഞെന്നും കാറിന്റെ കണ്ണാടി പൊട്ടിച്ചെന്നും വിസ്മയയുടെ സന്ദേശത്തിലുണ്ട്.

 

വിസ്മയയുടെ വാട്‌സാപ്പ് സന്ദേശം ഇങ്ങനെ: ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ മുടിയില്‍ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി.

 

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്.

 

 

 

ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഭര്‍ത്തൃവീട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് വിസ്മയ വാട്‌സാപ്പ് സന്ദേശം അയച്ചത്. പിന്നാലെ മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിസ്മയയുടെ മരണശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി.

 

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനപീഡനമാണ് മരണത്തില്‍ കലാശിച്ചതെന്നും ആരോപിക്കുന്നു.

 

വനിത കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അടുത്തിടെയാണ് വിസ്മയ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്.

 

 

 

 

 

 

OTHER SECTIONS