സ്ത്രീ തന്നെ ധനം എന്നുപറഞ്ഞ് വിവാഹം; കാറിന്റെ പേരില്‍ നിരന്തര പീഡനം

By Web Desk.21 06 2021

imran-azhar

 


കൊല്ലം: വിവാഹാലോചനയുമായി എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞ്! വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നിരന്തര പീഡനം. നാടിന്റെ നൊമ്പരമായി മാറുകയാണ് കൊല്ലം നിലമേല്‍ കൈതോട് സ്വദേശി വിസ്മയ.

 

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി വിസ്മയയുടെ വീട്ടില്‍ എത്തിയത്. വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നല്‍കി.

 

വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയത്.

 

പത്തു ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍, ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീഡനം.

 

ഈ വര്‍ഷം ജനുവരിയില്‍ രാത്രിയില്‍ മദ്യപിച്ച് നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദ്ദിച്ചു.

 

വിവാഹശേഷമുള്ള ആദ്യ നാളുകളില്‍ മുതല്‍ തുടങ്ങിയ പീഡനം ആദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. സഹിക്കാനാവാതെ വന്നപ്പോഴാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്.

 

തിങ്കളാഴ്ച രാവിലെയാണ് ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഇരുപത്തിനാലുകാരിയായ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തൊട്ടുതലേന്നും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി സഹോദരന് വിസ്മയ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

 

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്.

 

ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഭര്‍ത്തൃവീട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് വിസ്മയ വാട്‌സാപ്പ് സന്ദേശം അയച്ചത്. പിന്നാലെ മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

 

വനിത കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

 

 

 

 

 

OTHER SECTIONS