By Web Desk.23 03 2023
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ രോഗിയായ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ അതിജീവിതയ്ക്കു മേല്‍ ജീവനക്കാരുടെ സമ്മര്‍ദ്ദം. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇക്കാര്യം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചത്.
സംഭവത്തില്‍ സൂപ്രണ്ടിന് അതിജീവിത പരാതി നല്‍കിയിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വന്നപ്പോള്‍ യുവതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും അതിജീവിതയുടെ ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ആശുപത്രി സൂപ്രണ്ടും ശരിവച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കി. ഇരയോട് ജീവനക്കാര്‍ മോശമായി പെരുമാറി. സമ്മര്‍ദ്ദം ചെലുത്തി മൊഴിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഡോക്ടര്‍മാരല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതിനിടെ അതിജീവിതയ്ക്ക് വാര്‍ഡില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനായി വനിതാ ജീവനക്കാരെ നിയോഗിച്ചതായും സൂപ്രണ്ടിന്റെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.