By Greeshma Rakesh.01 04 2023
കൊച്ചി: കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.യാണ്. മറ്റു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍പോലെ ഇതിനെയും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളോട് കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്ക് താല്‍പര്യമില്ല. മറ്റു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍പോലെ ഇതിനെയും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളോട് കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്ക് താല്‍പര്യമില്ല.ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷമായ കുറ്റപ്പെടുത്തല്‍.
ശമ്പളവിതരണത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്. ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്.
സര്‍ക്കാര്‍വകുപ്പില്‍നിന്ന് വേറിട്ട സ്വതന്ത്രമായ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്ക് സഹായംനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല.മാത്രമല്ല കോവിഡ്കാലത്ത് സഹായം നല്‍കിയതിന്റെ പേരില്‍ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണ്. കോടതിയുടെ പരിഗണനയില്‍വരുന്ന വിഷയമല്ല. കാര്യക്ഷമതയില്ലായ്മകൊണ്ടും തൊഴില്‍മികവ് ഇല്ലായ്മകൊണ്ടും പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല.
പരിഷ്‌കാരനടപടികളെ എതിര്‍ക്കാന്‍ തൊഴിലാളികള്‍ കോടതിയെയടക്കം ആശ്രയിക്കുന്നു
നിലവില്‍ 17.5 ശതമാനം ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പുരാതനകാലത്തെ ഡ്യൂട്ടിസംവിധാനമാണ് ഇപ്പോഴും. ഉത്പാദനക്ഷമത കുറയാനും അപകടത്തിനും ഇതാണ് കാരണം. വര്‍ക്ഷോപ്പിലും കാലഹരണപ്പെട്ട രീതികളാണ്. പരിഷ്‌കാരനടപടികളെ എതിര്‍ക്കുന്ന നിലപാടാണ് തൊഴിലാളികള്‍ സ്വീകരിക്കുന്നത്. അതിനായി കോടതിയെയടക്കം ആശ്രയിക്കുകയാണ്.
ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിനുമുന്നോടിയായി വരുത്തേണ്ട മാറ്റത്തെപ്പറ്റി ജീവനക്കാരുമായി കരാറുണ്ടാക്കിയിരുന്നു. 14 മാസം പിന്നിട്ടിട്ടും ഇത് നടപ്പാക്കാനായിട്ടില്ല. ഒരു വ്യവസായസ്ഥാപനത്തിലെ തര്‍ക്കങ്ങള്‍ തൊഴിലാളി യൂണിയനുകളും മാനേജുമെന്റുകളും തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. അത് നടക്കുന്നില്ല.
2019-ല്‍ സമര്‍പ്പിച്ച പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. 2021-22 സാമ്പത്തികവര്‍ഷം ശമ്പളവിതരണത്തിനടക്കം 2037.51 കോടിയുടെ സാമ്പത്തികസഹായമാണ് സര്‍ക്കാര്‍ നല്‍കിയത്. 2020-21-ല്‍ 1739.81 കോടി നല്‍കി. 2017-18 മുതല്‍ 2021-22 വരെ 6731.90 കോടിയാണ് നല്‍കിയത്.
സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്ന് സെപ്റ്റംബറില്‍ ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ തള്ളണമെന്നും സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി. സന്തോഷ് കുമാര്‍ വഴി ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.