പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, പച്ചക്കറി വില്‍പനക്കാരിയെയും മകനെയും മര്‍ദ്ദിച്ച് ഡോക്ടറും സംഘവും

By Avani Chandra.16 01 2022

imran-azhar

 

ഭോപാല്‍: തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന സ്ത്രീയെയും മകനെയും ഒരു സംഘം യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍ഡോറിലാണ് മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പാര്‍ക്കിങ്ങിനെ ചൊല്ലി പച്ചക്കറി വില്‍പനക്കാരിയും നഗരത്തിലെ ഡോക്ടറുമായി നടന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

 

തങ്ങളുടെ ഉന്തുവണ്ടിക്കു മുന്‍പില്‍ പാര്‍ക്ക് ചെയ്ത ഡോക്ടറുടെ കാര്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ പച്ചക്കറി വില്‍പന നടത്തുന്ന ദ്വാരകഭായി ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പ്രകോപിതനാകുകയായിരുന്നു. സമീപത്തുള്ള തന്റെ ക്ലിനിക്കില്‍ നിന്ന് ജീവനക്കാരെ വിളിച്ചു വരുത്തി ദ്വാരകഭായി(65)യെയും മകന്‍ രാജു(28) വിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ദ്വാരകഭായിയുടെ ഉന്തുവണ്ടി ഡോക്ടറും സംഘവും റോഡില്‍ തള്ളി മറിച്ചിട്ടു. പച്ചക്കറിയും മറ്റും റോഡില്‍ ചിതറി കിടക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡോക്ടറോട് വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ദ്വാരകഭായി ചെയ്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

 

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഇന്‍ഡോറില്‍ ക്ലിനിക് നടത്തുന്ന ഡോക്ര്‍ ഗായിയുടെ ജീവനക്കാരായ യാഷ് പദിദാര്‍, യാഷ് കുശ്വ, ശങ്കര്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് സിങ് കുശ്വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഡോക്ടറുടെ പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പൊലീസ് മൗനം പാലിച്ചു. യാഷ് പദിദാര്‍ ആണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം.

 

OTHER SECTIONS