By Priya.23 03 2023
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ യുണിടാക് എം ഡി സന്തോഷ് ഈപ്പന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഉച്ചയോടെ സന്തോഷ് ഈപ്പനെ ഹാജരാക്കും. ഇഡി വീണ്ടും സന്തോഷ് ഈപ്പനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
ലൈഫ് മിഷന്‍ കോഴക്കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യപ്രകാരം മൂന്ന് ദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.
ലൈഫ് മിഷന്‍ മുന്‍ സിഇഒ യു. വി ജോസിനെയും സന്തോഷ് ഈപ്പനെയും കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഇഡിക്ക് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവ ശങ്കറിന്റെ ജാമ്യ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈഫ്മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ. ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ കണ്‍സല്‍ട്ടന്റായി നിയമിച്ചതിന്റെ വിശദാംശങ്ങള്‍ ഇ.ഡി തേടിയിട്ടുണ്ട്. സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്.