By Lekshmi.26 05 2023
മുംബൈ നഗരത്തെ ഉപഗ്രഹനഗരമായ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനം ഗതാഗതത്തിന് തുറന്നു കൊടുക്കും. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സി.സി.ടി.വി, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അന്തിമഘട്ടത്തിലാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (എം.എം.ആര്‍.ഡി.എ.) നിര്‍മാണച്ചുമതല. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 18,000 കോടിക്കടുത്ത് ആയിരുന്നു ചെലവ്. അഞ്ച് വര്‍ഷക്കാലമാണ് നിര്‍മാണത്തിനായി മാറ്റിവച്ചത്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ മുംബൈ നഗരത്തില്‍നിന്ന് നവി മുംബൈയിലെത്താനുള്ള സമയം 20 മിനിറ്റായി ചുരുങ്ങും. 21.8 കിലോ മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 16.5 കിലോ മീറ്ററും കടലിനു മുകളിലൂടെയാണ്. മധ്യ മുംബൈയിലെ സെവ്രിയില്‍നിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിര്‍ലെയിലാണ് അവസാനിക്കുന്നത്. മുംബൈയില്‍നിന്ന് പുണെ, നാഗ്പുര്‍, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കടല്‍പ്പാലം ഏറെ പ്രയോജനകരമാകും. അതോടെ നിലവില്‍ ഉപയോഗിക്കുന്ന സയേണ്‍ പന്‍വേല്‍ ഹൈവേയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും.