തുമ്പയുടെ പുതു തലമുറ റോക്കറ്റില്‍ പറക്കാനൊരുങ്ങി 36 വിദേശ ഉപഗ്രഹങ്ങള്‍

By Web Desk.23 03 2023

imran-azhar

 

 

വി ഡി ശെല്‍വരാജ്

 

ശ്രീഹരിക്കോട്ട: ഉപഗ്രഹ വാണിജ്യ വിക്ഷേപണത്തിന്റെ ആഗോള വിപണിയില്‍ ശക്തമായ ചുവടുറപ്പിച്ച് ഇന്ത്യ, ബ്രിട്ടീഷ് കമ്പനിയായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ ഞായര്‍ രാവിലെ 9 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.

 

വണ്‍ വെബ്ബിനായി അമേരിക്കയില്‍ നിര്‍മ്മിച്ചതാണ് ഇവ. ഒട്ടും കുലുക്കം തട്ടാത്ത വിധം പായ്ക്ക് ചെയ്ത ഉപഗ്രഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ രണ്ടാഴ്ച മുമ്പാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വണ്‍ വെബ്ബിന്റെ 72 ഉപഗ്രഹങ്ങള്‍ 1000 കോടി രൂപയ്ക്ക് വിക്ഷേപിക്കാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ 36 എണ്ണം കഴിഞ്ഞ ഒക്ടോബറില്‍ വിക്ഷേപിച്ചു.

 

തിരുവനന്തപുരം വി എസ് എസ്.സി വികസിപ്പിച്ച പുതു തലമുറ റോക്കറ്റായ എല്‍.വി.എം- 3 എന്ന റോക്കറ്റിലാണ് ഞായറാഴ്ചത്തെ വിക്ഷേപണം. മൊത്തം 5805 കിലോ വരുന്ന ഉപഗ്രഹങ്ങള്‍ 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഇതോടെ വണ്‍ വെബ്ബിന്റെ ഉപഗ്രഹങ്ങള്‍ 600 ആകും.

 

റോക്കറ്റിന്റെ മുകള്‍ തട്ടില്‍ 36 ഉപഗ്രഹങ്ങള്‍ അടുക്കിയിരിക്കുന്നു

 

ഭാവിയില്‍ ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാന്‍ വികസിപ്പിച്ചു വരുന്ന റോക്കറ്റായ എല്‍.വി.എമ്മിന്, 14 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. 10 ടണ്‍ ഭാരം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുണ്ട് ഇതിന്. റോക്കറ്റിന്റെ ഏറ്റവും മുകളിലുള്ള എക്വിപ്‌മെന്റ് ബേ എന്ന സുരക്ഷിത അറവയിലാണ് 36 ഉപഗ്രഹങ്ങള്‍ അലമാര തട്ടിലെന്ന പോലെ അടുക്കിയിട്ടുള്ളത്. ഓരോന്നും ഭ്രമണ പഥത്തില്‍ കൂട്ടിയിടിക്കാത്ത വിധം 137 മീറ്റര്‍ അകലം പാലിക്കുംവിധമാണ് ഇറക്കിവിടുക.

 

ഒന്നേമുക്കാല്‍ മണിക്കൂറില്‍ ഭൂമിയെ ഒന്നു ചുറ്റി വരുംവിധമാണ് ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗം. വണ്‍ വെബ്ബിന്റെ 600 ഉപഗ്രഹങ്ങള്‍, ഒരു ഭ്രമണ പഥത്തില്‍ 50 വീതം 12 ഭ്രമണ പഥങ്ങളിലായാണ് ഭൂമിയെ ഇടവേളയില്ലാതെ ചുറ്റുക.ഈ ശ്രംഖലയിലൂടെ ഇടമുറിയാതെ കാടും മരുഭൂമിയും കടലും ധ്രുവപ്രദേശവും അടക്കം ഭൂഗോളമാകെ ഇന്റര്‍നെറ്റ് കിട്ടുമെന്ന് വണ്‍ വെബ്ബ് പറയുന്നു.

 

 

 

 

OTHER SECTIONS