'കേരളം ലഹരിയുടെ കേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതം: കൊല്ലപ്പെട്ട 2 സിപിഎമ്മുകാര്‍ ലഹരിവിരുദ്ധ പോരാട്ടത്തിലെ രക്തസാക്ഷികള്‍'

By Priya.09 12 2022

imran-azhar

 

തിരുവനന്തപുരം: കേരളം ലഹരിയുടെ കേന്ദ്രമാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയില്‍ പറഞ്ഞു. ലഹരിമാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തും.

 

തലശേരിയില്‍ കൊല്ലപ്പെട്ട 2 സിപിഎം പ്രവര്‍ത്തകര്‍ ലഹരിക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷികളാണ്. ലഹരിക്കെതിരെ സര്‍ക്കാര്‍ വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. വിദ്യാലയങ്ങള്‍ക്കടുത്ത് ലഹരിസംഘങ്ങള്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

 

ലഹരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നിയമസഭയ്ക്ക് അകത്തുംപുറത്തുമുള്ള പിന്തുണ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം ഉള്‍പ്പടെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നു.

 

അഴിയൂരിലേതു കയ്യും കാലും വിറച്ചുപോകുന്ന സംഭവമാണ്. മൊഴി എടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ പ്രതികളാണ് സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നത്. പോക്‌സോ, ലഹരിക്കേസ് എടുക്കാന്‍ പൊലീസ് മടിക്കുന്ന സാഹചര്യമുണ്ടായി.

 

ലഹരി സംഘങ്ങള്‍ക്കു പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ട്. മലയിന്‍കീഴ് സംഭവത്തിലെ പ്രതികളുടെ മൊബൈലില്‍ 30 സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. നേരത്തെ പരാതി ലഭിച്ചിട്ടും സംഘടന നടപടി എടുത്തില്ല.

 

6 വര്‍ഷം മുന്‍പു മറ്റൊരു സ്ത്രീ ആരോപണം ഉയര്‍ത്തിയിട്ടും നേതാവിന് സംഘടനാ തലത്തില്‍ പ്രമോഷന്‍ നല്‍കി ഡിവൈഎഫ്‌ഐയുടെ മേഖല പ്രസിഡന്റാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

 

OTHER SECTIONS