അമേരിക്കയും ഇന്ത്യയും കൈകോര്‍ക്കുന്നു, ചൈനയെ തുരത്താന്‍

By Web Desk.05 02 2023

imran-azhar

 

 

ന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നു. പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിനൊരുങ്ങുകയാണ് ഇരുരാജ്യങ്ങളും.

 

അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ സഹകരണത്തില്‍ ഇന്ത്യയില്‍ ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെറ്റ് എന്‍ജിന്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ പ്രധാനിയാണ് ജനറല്‍ ഇലക്ട്ര്.

 

ജിഇക്കൊപ്പം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായും ഒരു സ്വകാര്യ പ്രതിരോധ കമ്പനിയുമായും സഹകരിച്ചാണ് ജിഇ 414 ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുക. എല്‍സിഎ മാര്‍ക്ക് ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ പെടുന്ന ജെറ്റുവിമാനങ്ങളിലാണ് ഈ എന്‍ജിനുകള്‍ ഉപയോഗിക്കാനാവുക.

 

അടുത്തവര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എന്‍ജിനുകളുള്ള പോര്‍വിമാനങ്ങള്‍ പറന്നു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

 

ജിഇ എന്‍ജിനുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാനും സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനുമുള്ള തീരുമാനം പ്രതിരോധ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമാവും. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളി റഷ്യയാണ്. നിലവില്‍ റഷ്യയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും തദ്ദേശീയമായി നിര്‍മിച്ചതുമായ പോര്‍വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.

 

4+ തലമുറയില്‍ പെടുന്ന എല്‍സിഎ തേജസ് മാര്‍ക് പോര്‍വിമാനങ്ങളിലാണ് ജിഇ 404 എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന ജിഇ 414 എന്‍ജിനുകള്‍ 4.5 തലമുറയിലെ മാര്‍ക് തേജസ് വിമാനങ്ങളിലാണ് ഉപയോഗിക്കുക. ആയുധങ്ങളും മിസൈലുകളും അടക്കം 6.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളവയാണ് ഈ പോര്‍വിമാനങ്ങള്‍. ഇന്ത്യന്‍ സൈന്യത്തില്‍ മിറാഷ് 2000, മിഗ് 29 പോര്‍വിമാനങ്ങളുടെ പകരക്കാരായിരിക്കും ഈ പോര്‍വിമാനങ്ങള്‍.

 

ആറ് പോര്‍വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. ഓരോ സ്‌ക്വാഡ്രണിലുമായി 18 മാര്‍ക് പോര്‍വിമാനങ്ങളാണ് ഉണ്ടാവുക.