By Avani Chandra.17 01 2022
കണ്ണൂര്‍: പെരിങ്ങത്തൂര്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മഴുവുമായി യുവാവിന്റെ പരാക്രമം. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.45-ഓടെ ജമാല്‍ മഴുവുമായി ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തി. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാല്‍ പ്രധാന ഷട്ടര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളും തകര്‍ത്തു. ശേഷം ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇയാള്‍ ആയുധം വീശി ഭീഷണിപ്പെടുത്തി. ഇയാളെ പിടിച്ചുവെയ്ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു.
സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. പെരിങ്ങത്തൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ഇതിനു പിന്നാലെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പോലീസ് ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.