തൊടികള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണു; പതിനൊന്നു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം; വയോധികന്റെ ജീവന്‍ രക്ഷിക്കാനായില്ല

By web desk.30 05 2023

imran-azhar

 


ആലപ്പുഴ: ചെങ്ങന്നൂരില്‍ കിണറിന്റെ തൊടികള്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞ് കിണറ്റിലേക്ക് വീണ വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടില്‍ യോഹന്നാന്‍ (72 ) ആണ് മരിച്ചത്.

 

പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കിണറ്റില്‍ നിന്ന് യോഹന്നാനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പുറത്തെടുക്കുമ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് തൊടികള്‍ ഇടിഞ്ഞ് യോഹന്നാന്‍ കിണറിനുള്ളില്‍ അകപ്പെട്ടത്. കോടുകുളഞ്ഞി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യോഹന്നാന്‍.

 

കിണറിനുള്ളില്‍ വളര്‍ന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്റെ സിമന്റ് തൊടികള്‍ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ തൊടികള്‍ക്കിടയില്‍ യോഹന്നാന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു.

 

വിവരമറിഞ്ഞെത്തിയ സമീപ വാസികള്‍ ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ടീം ജെ സി ബി ഉപയോഗിച്ച് തൊടികള്‍ ഉയര്‍ത്തി ശ്രമകരമായാണ് യോഹന്നാനെ പുറത്തെടുത്തത്.

 

 

 

 

 

OTHER SECTIONS