By Priya .26 05 2023
കോഴിക്കോട്: കോഴിക്കോട് വ്യാപാരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ ഹോട്ടലില്‍ നിന്ന് പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹോട്ടലിന്റെ സമീപത്തുള്ള വസ്ത്രവില്‍പനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ മാസം 18നാണ് സിദ്ദീഖിനെ കാണാതാകുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.ഈ മാസം 18നാണ്
ഇവിടെ ജി 3, ജി4 റൂമുകള്‍ ബുക്ക് ചെയ്തത്.
സിദ്ദീഖിന്റെ പേരിലാണ് റൂമുകള്‍ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജി 4ല്‍ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നു.
19ന് വൈകുന്നേരം 3.09നും 3.19നും ഇടയില്‍ ബാഗുകള്‍ കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകള്‍ കയറ്റിയത്.
കാര്‍ പാര്‍ക്ക് ചെയ്ത് 15 മിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയില്‍ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു.
ഈ ട്രോളി ബാഗും കാറില്‍ കയറ്റിയ ശേഷം ഇരുവരും കാറില്‍ കയറുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.രണ്ടു പേര്‍ ഹോട്ടലില്‍ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
മൂന്നാമത്തെയാള്‍ കാറില്‍ ഉണ്ടെന്നാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഹോട്ടല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.