കേരളത്തില്‍ നിര്‍മ്മിച്ചുവെന്ന് ലേബല്‍, വള്ളുവനാടന്‍ തൈര് വരുന്നത് കര്‍ണ്ണാടകയില്‍ നിന്ന്

By Web Desk.08 05 2021

imran-azhar

 


ദിപിന്‍ മാനന്തവാടി

 

കല്‍പ്പറ്റ: കേരളത്തില്‍ നിര്‍മ്മിക്കുന്നതായി പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉല്പന്നങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നു. കര്‍ണ്ണാടകയില്‍ നിന്ന് വയനാട് തോല്‍പ്പെട്ടി അതിര്‍ത്തി വഴിയാണ് മിനി കണ്ടെയ്‌നര്‍ ലോറിയില്‍ കേരളത്തിലേയ്ക്ക് അനധികൃതമായി തൈര് എത്തുന്നത്.പാലക്കാട് ജില്ലയിലെ അകത്തേത്തറയില്‍ നിര്‍മ്മിച്ച് പായ്ക്ക് ചെയ്യുന്നു എന്ന് കവറില്‍ രേഖപ്പെടുത്തിയ തൈര് പായ്ക്കറ്റുകളാണ് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നത്. ബോവിഡേ ഫാം പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ വള്ളുവനാടന്‍ തൈര് എന്ന പേരിലാണ് പായ്ക്കറ്റ് തൈര് എത്തുന്നത്.

 

 

 

 

കേരളത്തില്‍ നിര്‍മ്മിക്കുന്നതായി അവകാശപ്പെടുന്ന ഒരു ഉല്പന്നം കര്‍ണ്ണാടകയില്‍ നിന്ന് പായ്ക്ക് ചെയ്ത് എത്തുന്നത് ദുരൂഹമാണ്. കേരളത്തില്‍ നിര്‍മ്മാണത്തിന് ലൈസന്‍സുള്ള ഒരു ഉല്പന്നം കര്‍ണ്ണാടകയില്‍ നിന്ന് നിര്‍മ്മിച്ച് എത്തുന്നതിന് അനുവാദമോ ലൈസന്‍സോ ഉണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്.

 

പായ്ക്കറ്റില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ലൈസന്‍സ് നമ്പറും സൂചിപ്പിച്ചിട്ടുണ്ട്. ഈ ഏര്‍പ്പാടിനു പിന്നില്‍ നികുതി വെട്ടിപ്പ് അടക്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോടെയാണോ ഈ നീക്കം എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

 

അവശ്യ സര്‍വ്വീസ് എന്ന നിലയില്‍ പാല്‍ എന്ന ബോര്‍ഡ് വച്ച വാഹനത്തിലാണ് തൈര് അതിര്‍ത്തി കടന്നെത്തുന്നത്. അതിര്‍ത്തിയില്‍ ഒരു പരിശോധനയ്ക്കും വിധേയമാകുന്നുമില്ല.

 

 

 

 

 

 

OTHER SECTIONS