കൊല്ലം സ്വദേശിയ്ക്ക് ജോലി നഷ്ടമായ സംഭവം; പിഎസ്‌സിയെ കുറ്റപ്പെടുത്തി മന്ത്രി എം ബി രാജേഷ്

By Lekshmi.04 12 2022

imran-azhar

 

കൊല്ലം: ഉദ്യോഗസ്ഥ വീഴ്ച മൂലം കൊല്ലം ചവറ സ്വദേശിനി നിഷയ്ക്ക് സർക്കാർ ജോലി നഷ്ടമായ സംഭവത്തിൽ പിഎസ്‌സിയെ കുറ്റപ്പെടുത്തി തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്.അവധി ദിനത്തിൽ പോലും നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ മെയിൽ അയച്ചിട്ടും സമയതാമസം ചൂണ്ടിക്കാട്ടി നിയമനം നിഷേധിച്ചത് പിഎസ്‌സിയാണ്.

 

ഉദ്യോഗസ്ഥൻ കാണിച്ച അലംഭാവം മൂലമാണ് തനിക്ക് അർഹമായ ജോലി നഷ്ടമായത് എന്ന് ഉദ്യോഗാർത്ഥിയായ നിഷ ആരോപണമുന്നയിച്ചത് വാർത്തയായതിന് പിന്നാലെയാണ് എം ബി രാജേഷ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് കൊണ്ട് പ്രതികരണം നടത്തിയത്.2015-ൽ എറണാകുളം ജില്ലയിലേയ്ക്കുള്ള എൽഡി ക്ളാർക്ക് ലിസ്റ്റിൽ 696-ാം റാങ്ക് നിഷ കരസ്ഥമാക്കിയിരുന്നു.

 

റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തസ്തികയിലെ ഒഴിവുകൾ നിഷ ഉദ്യോഗസ്ഥരെ നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി ഉദ്യോഗസ്ഥൻ താമസിപ്പിച്ച് റിപ്പോർട്ട് ചെയ്ത് നഷ്ടമാക്കി എന്നാണ് നിഷ ആരോപിക്കുന്നത്.എന്നാൽ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നാല് സെക്കന്റ് വൈകിയത് മൂലം ജോലി നഷ്ടമായ സംഭവത്തിൽ ഉദ്യോഗസ്ഥ അലംഭാവം തള്ളിയ എം ബി രാജേഷ് പിഎസ്‌സിയെ പഴിക്കുകയായിരുന്നു.

 

 

OTHER SECTIONS