By Priya.01 12 2022
തിരുവനന്തപുരം: തന്നെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്.
മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. വൈദികന്റെ പേരിന്റെ അര്‍ഥവും എന്താണെന്ന് നോക്കണം.വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞതെന്നും ഇനിയും പറയുമെന്നും അബ്ദുറഹ്മാന് പറഞ്ഞു.
''കേരള സംസ്ഥാനം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും വിളിച്ചുപറയുന്നതും കേള്‍ക്കാനുള്ള ആളുകള്‍ അല്ല ഇവിടുള്ളത്. നിയമപരമായി എന്താണ് നടപടികള്‍ അത് നടക്കട്ടെ.
മാപ്പ് കീശയിലെഴുതിയിട്ട് അത് കേള്‍ക്കാന്‍ നില്ക്കുന്ന ആളുകള്‍ കേരളത്തിലുണ്ടായിരിക്കും. പക്ഷേ, എന്നെ അതിനു കിട്ടില്ല. തീവ്രവാദ സ്വഭാവം എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. തുറമുഖത്തിനു തടസ്സം നില്ക്കാന് പാടില്ലെന്നു പറഞ്ഞു.
രാജ്യത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ എന്നല്ലെ പറഞ്ഞത്. അത് ദേശദ്രോഹം തന്നെയല്ലെ. റെയിലും റോഡും വിമാനത്താവളവും വേണ്ടെന്ന് പറയാന്‍ പറ്റുമോ?. ഈ ലോകത്തിലല്ലെ നന്മള് ജീവിക്കുന്നത്'' മന്ത്രി ചോദിച്ചു.
''വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും തടസ്സമായി നിന്നാല്‍ രാജ്യദ്രോഹമായി കാണും എന്നെ പറഞ്ഞിട്ടുള്ളൂ. അത് ഇനിയും പറയും. ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.
പറയുന്ന വ്യക്തി അയാളുടെ പേരിന്റെ അര്‍ഥം ഗൂഗിളില്‍ അടിച്ചു നോക്കണം. നാവിന് എല്ലില്ലാ എന്നു പറഞ്ഞ് എന്തും വിളിച്ചു പറഞ്ഞ് അതിനു വൈകിട്ട് ഒരു മാപ്പെഴുതിയാലൊന്നും കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരക്കാര്‍ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് വി.അബ്ദുറഹിമാന് ആരോപിച്ചതിനെതിരെ ഫാ.തിയഡോഷ്യസ് ആഞ്ഞടിച്ചിരുന്നു. ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി അബ്ദുറഹിമാനെന്നാണ് അദ്ദേഹം ആരോപിച്ചത്.
പരാമര്‍ശം വിവാദമായതോടെ ഫാ. തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്ത് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.