ലൈംഗികാതിക്രമ കേസ്; പരാതിക്കാരി ബ്രിജ്ഭൂഷണെതിരെയുള്ള മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

By priya.06 06 2023

imran-azhar

 

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മേധാവിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്.

 

ലൈംഗികാതിക്രമം നടത്തിയെന്ന മൊഴിയാണ് പെണ്‍കുട്ടി തിരുത്തിയത്. സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മൊഴി പൊലീസ് കോടതിക്ക് കൈമാറും. ഏത് സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.നേരത്തെ നല്‍കിയ മൊഴിയില്‍ ഏത് തരത്തിലാണ് ബ്രിജ്ഭൂഷന്‍ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസിന് മുന്നിലും മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

 

അതിന് പിന്നാലെ ആഴ്ചകള്‍ക്ക് ശേഷമാണ് ഈ മൊഴി പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏത് സാഹചര്യത്തിലാണ് മൊഴിമാറ്റിയതെന്നത് വ്യക്തമല്ല. പൊലീസോ, പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

ഇന്നലെ മുതല്‍ പെണ്‍കുട്ടി മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പുനിയ തുടങ്ങിയവര്‍ നിഷേധിച്ചിരുന്നു.

 

ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെത്തിയ ഡല്‍ഹി പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്യുന്നു. വനിതാ താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

 

OTHER SECTIONS