By priya.10 06 2023
ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ വനമേഖലയില്‍ വിമാനം തകര്‍ന്ന് കാണാതായ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ 40 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി.
13,9,4,1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കുട്ടികളെ കണ്ടെത്തിയത് ചിത്രം സഹിതം കൊളംബിയന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു.മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് സഹോദരങ്ങള്‍ കാട്ടില്‍ അകപ്പെട്ടത്.
എന്‍ജിന് തകരാറ് സംഭവിച്ചതോടെ മെയ് ന നാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്‌ന 206 വിമാനം തകര്‍ന്ന് ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്.
കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്‌നി രക്ഷാ സേനയ്‌ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്.
നിരവധി നായ്ക്കളെയും തെരച്ചിലിന് ഉപയോഗിച്ചുന്നു. കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലില്‍ ഭാഗമായിരുന്നു. നേരത്തെ ഇവരെ കണ്ടെത്തിയിരുന്നുവെന്ന് കൊളംബിയന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആ ട്വീറ്റ് നീക്കം ചെയ്തിരുന്നു.