By Avani Chandra.17 01 2022
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി.
ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ എ.എസ്.ഐ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്.
ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍.
മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.