തിരുവനന്തപുരം ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ്; കോവിഡ് വാര്‍ഡുകളില്‍ കൂടുതല്‍ കിടക്കകള്‍

By Web Desk.15 05 2021

imran-azhar

 

തിരുവനന്തപുരം: മൂന്ന് ജില്ലാ ആശുപത്രികളില്‍ മിനി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട എന്നീ ആശുപത്രികളിലാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

 

ഓരോ പ്ലാന്റിനും ഏകദേശം ഒന്നേകാല്‍ കോടി രൂപ ചെലവ് വരും. പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കുറഞ്ഞത് 200 രോഗികള്‍ക്ക് ഒരു ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ഇതിലേക്കാവശ്യമായ നാലുകോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് മാറ്റിവച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ അടിയന്തരമായി തുടങ്ങിയതായും ഡി.സുരേഷ്‌കുമാര്‍ പറഞ്ഞു.

 

ഈ മൂന്ന് ജില്ലാ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന പ്രത്യേക കോവിഡ് വാര്‍ഡുകളിലെ കിടക്കകളുടെ എണ്ണം 200 ആയി ഉയര്‍ത്തും. കിടപ്പുരോഗികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യം അവരുടെ താമസസ്ഥലത്ത് നേരിട്ട് ലഭ്യമാക്കുന്നതിനായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കും. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് മൊബൈല്‍ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.

 

5000 ത്തിലധികം ഓക്‌സിമീറ്ററുകള്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുതല സമിതികള്‍ക്ക് നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്, ടെലിമെഡിസിന്‍, കൗണ്‍സലിംഗ് എന്നീ സൗകര്യങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍:9400310017

 

 

 

OTHER SECTIONS