ഉമ്മയ്ക്ക് 5 സഹോദരന്മാരുണ്ട്, ജയന്റെ സിനിമ പോലെ നേരില്‍ കാണാത്ത ഒരമ്മാവനുമായി ഇപ്പോള്‍: പരിഹസവുമായി റിയാസ്

By Ashli Rajan.24 03 2023

imran-azhar

 


തിരുവനന്തപുരം: പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഉമ്മയ്ക്ക് 5 സഹോദരങ്ങളുണ്ടെന്നും ജയന്റെ സിനിമ പോലെ നേരില്‍ കാണാത്ത ഒരമ്മാവനുമായി ഇപ്പോള്‍ എന്നാണ് റിയാസ് പരിഹസിച്ചത്.

 

പറയുന്നവര്‍ പറയട്ടെയെന്നും എല്ലാ കാര്യത്തിനും മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയം കാണുകയുള്ളൂവെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് മന്ത്രി റിയാസെന്നും ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്കാണ് മന്ത്രിയുടെ മറുപടി.

 

മന്ത്രിയുടെ വാക്കുകള്‍

 

''ഞാന്‍ ഇതുവരെയും നേരില്‍ കാണാത്ത, ഫോണില്‍ പോലും സംസാരിക്കാത്ത ഒരു വ്യക്തിയുടെ സഹോദരിയുടെ മകനാണ് ഞാന്‍ എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരങ്ങളാണ് ഉള്ളത്. ഇപ്പോള്‍ പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്.

 

അതും നമ്മള്‍ ഫോണില്‍ പോലും സംസാരിക്കാത്ത ഒരു അമ്മാവനെ. പണ്ട് ജയന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. ജയനും നസീറും ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് പിരിയേണ്ടി വരുന്നു. പക്ഷേ വിഷുവിന് പടക്കം പൊട്ടിച്ചപ്പോഴോ മറ്റോ ഉള്ള പൊള്ളല്‍ കയ്യിലുണ്ടാകും. പിന്നീട് സ്റ്റണ്ടിനിടയില്‍ കണ്ടുമുട്ടുമ്പോള്‍ ഈ പാടു കാണും. അപ്പോള്‍ ബാബു, ഗോപി എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ എന്നെങ്കിലും കാണുമ്പോള്‍ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കാം.' റിയാസ് പറഞ്ഞു.

പറയുന്നവര്‍ പറയട്ടെയെന്നും എല്ലാ കാര്യത്തിനും മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയം കാണുകയുള്ളൂവെന്നും റിയാസ് പറഞ്ഞു. ''ജനാധിപത്യ രാജ്യത്തില്‍ എന്തും പറയാം. പക്ഷേ അതില്‍ പറയുന്നതിന്റെ നിലവാരം അളക്കാനും ഏതു സ്വീകരിക്കണമെന്നു നിശ്ചയിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്.

 

അതു ഞാന്‍ പറഞ്ഞാലും അങ്ങനെയാണ്, മറ്റാരെങ്കിലും പറഞ്ഞാലും അങ്ങനെയാണ്. അതുകൊണ്ടു ഒന്നും പറയരുതേ, എനിക്കത് പ്രയാസമാകും എന്നു പറഞ്ഞ് കരയുന്നവരല്ല ഞങ്ങള്‍. തിരിച്ചും ചില കാര്യങ്ങള്‍ ഇതേ അര്‍ഥത്തില്‍ അല്ലെങ്കിലും പറയുന്നവരാണ്. രാഷ്ട്രീയമായാണ് കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിക്കുന്നില്ല.'' മന്ത്രി വ്യക്തമാക്കി.

 

വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നു ഫാരിസ് അബൂബക്കര്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആദായനികുതി യൂണിറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 73 ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഫാരിസിനെയും മന്ത്രി റിയാസിനെയും ബന്ധപ്പെടുത്തി വിവാദങ്ങള്‍.