മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവം; എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

By sisira.17 06 2021

imran-azhar

 

 

 

 

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസിലെ 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്' പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

 

മുംബൈ അന്ധേരിയിലുള്ള പ്രദീപ് ശർമയുടെ വീട്ടിൽ എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

 

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അന്വേഷണ സംഘം ശർമയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് പ്രദീപ് ശർമയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി എൻഐഎയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.

 

അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ച സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് ശർമയെന്നാണ് വിവരം.

 

അംബാനിയുടെ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ പ്രദീപ് ശർമയുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

 

ഇക്കാര്യം നേരത്തെ അറസ്റ്റിലായ സച്ചിന്‍ വാസെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിയിരുന്നു. കേസിലെ പ്രതികളുമായി പ്രദീപ് ശര്‍മ്മ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

 

മുംബൈ പൊലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയിരുന്ന പ്രദീപ് ശര്‍മ്മ 2019-ൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്‍റെ ജോലി രാജി വച്ചിരുന്നു. ശിവസേന ടിക്കറ്റില്‍ മത്സരിച്ച പ്രദീപ് ശര്‍മ്മ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.

OTHER SECTIONS