By Greeshma Rakesh.22 03 2023
ചേര്‍പ്പ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ ചിറയ്ക്കല്‍ സഹാര്‍(33) കൊല്ലപ്പെട്ട കേസിലെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍നിന്ന് പിടികൂടിയ നാലുപേരുടേതുള്‍പ്പെടെയുള്ള അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.ചിറയ്ക്കല്‍ കോട്ടം നിവാസികളായ കറുപ്പംവീട്ടില്‍ അമീര്‍(30), കൊടക്കാട്ടില്‍ അരുണ്‍ (21), ഇല്ലത്തുപറമ്പില്‍ സുഹൈല്‍ (23), കരുമത്തുവീട്ടില്‍ നിരഞ്ജന്‍ (22), മച്ചിങ്ങല്‍ ഡിനോണ്‍(28) എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡില്‍ ബസില്‍ നിന്നാണ് അന്വേഷണസംഘം നാലുപേരെ പിടികൂടിയത്. ഉത്തരാഖണ്ഡ് ഗോപേശ്വരം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് നാലുപേരെയും നാട്ടിലെത്തിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മടങ്ങിയെത്തിയപ്പോഴാണ് പ്രതികളിലൊരാളായ ഡിനോണ്‍ പിടിയിലായത്.മാത്രമല്ല പ്രതികളില്‍ ഭൂരിഭാഗംപേരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പല സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടത്.പ്രതികള്‍ക്ക് വിവിധ രീതിയില്‍ സഹായംചെയ്ത എല്ലാവരെയും പിടികൂടുമെന്ന് റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ് എന്നിവര്‍ പറഞ്ഞു. ഇനി അഞ്ച് പ്രധാന പ്രതികളെക്കൂടി കിട്ടാനുണ്ട്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ കൊടക്കാട്ടില്‍ വിജിത്ത്(37), കരിക്കന്ത്ര വിഷ്ണു (31), നെല്ലിപ്പറമ്പില്‍ രാഹുല്‍(34), മച്ചിങ്ങല്‍ അഭിലാഷ്(27), മൂര്‍ക്കനാട് കാരണയില്‍ ഗിഞ്ചു (28) എന്നിവര്‍ ഒളിവിലാണ്.
റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ എം.പി. സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ വാടാനപ്പള്ളി എസ്.ഐ. കെ. അജിത്ത്, എ.എസ്.ഐ.ടി.ആര്‍. ഷൈന്‍, സീനിയര്‍ സി.പി.ഒ. സോണി സേവ്യര്‍ എന്നിവരാണ് ഉത്താരാഘണ്ഡില്‍നിന്നുള്ള പ്രതികളെ പിടികൂടിയത്.