മിഴി തുറക്കാന്‍ അനുമതി കാത്ത് എം.വി.ഡിയുടെ എ.ഐ ക്യാമറകള്‍

By ആഷ്‌ലി രാജന്‍.22 03 2023

imran-azhar

ആഷ്‌ലി രാജന്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗതലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ക്യാമറകള്‍ ഇതുവരെയും മിഴി തുറന്നില്ല.726 എ.ഐ ക്യാമറകളാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടാര്‍ട്ട്മെന്റ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള അനുമതിയും കാത്ത് ഈ ഫയലുകള്‍ സര്‍ക്കാറിന്റെ മേശപ്പുറത്ത് ഉറങ്ങാന്‍ തുടങ്ങിയിട്ട് 2 വര്‍ഷമാകുന്നു.

 

235 കോടി രൂപ മുതല്‍ മുടക്കി കെല്‍ട്രോണ്‍(കേരള സ്റ്റേറ്റ് ഇലക്ട്രോണിക്ക് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ആണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.ഓരോ ജില്ലയിലും അതിന്റെ വിസ്തൃതിക്കനുസരിച്ചാണ് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് മാത്രമായി 86 ക്യാമറകളുണ്ട്.ഓരോ ജംഗ്ഷനുകളിലും 18 എണ്ണം വീതവും. എം.വി.ഡിയുടെ കണ്ണു വെട്ടിച്ച് നിയമം ലംഘിക്കുന്നവരെ അതി വിദഗ്ധമായി പിടികൂടാന്‍ ഈ ക്യാമറകള്‍ക്കു സാധിക്കും.

 

ഇതിലെ വിഷ്വല്‍ പ്രൊസസിംഗ് യൂണിറ്റ് നിയമം ലംഘിക്കുന്ന ഒരോ വാഹനത്തിന്റെയും നമ്പര്‍, വാഹനമോടിക്കുന്ന വ്യക്തിയുടെ ഫോട്ടോ മറ്റു വിവരങ്ങള്‍ സഹിതം എം.വി.ഡിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തിക്കും. അവിടെ നിന്നും പ്രസ്തുത വ്യക്തിയുടെ വീട്ടിലേക്ക് ശിക്ഷാ നടപടികള്‍ എത്തും.ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുക, അമിത വേഗത എന്നിവ ഇവ രേഖപ്പെടുത്തും കൂടാതെ 6 മാസം വരെയുള്ള ഡാറ്റ സൂക്ഷിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.

 

ഇതിനു പുറമേ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനങ്ങളിലും 4 ക്യാമറകള്‍ വീതമാണ് സ്ഥാപിച്ചത്. ഇത് ഈ വാഹനത്തിന്റെ സമീപത്തൂടെ കടന്നു പോകുന്ന മറ്റു വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതോടൊപ്പം പിഴ ചുമത്തുന്നതിലൂടെ സര്‍ക്കാറിന് സാമ്പത്തിക നേട്ടവും ഉണ്ടാകുന്നു.

 

OTHER SECTIONS