അപകട കാരണം സിഗ്‌നല്‍ തകരാറെന്ന് സൂചന; പ്രധാനമന്ത്രി ഡേറ്റ ലോഗര്‍ ദൃശ്യം കണ്ടു

By priya.03 06 2023

imran-azhar

 

ഭുവനേശ്വര്‍: 261 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ അപകടത്തിന്റെ കാരണം സിഗ്‌നല്‍ തകരാറെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ടു റെയില്‍വേ സ്റ്റേഷനിലെ തല്‍സമയ ഡേറ്റ ലോഗര്‍ ദൃശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടതായി വിവരം.

 

സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഡേറ്റ ലോഗര്‍ ദൃശ്യങ്ങള്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്.

 

റെയില്‍വേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകള്‍ വരികയും പോവുകയും ചെയ്യുമ്പോള്‍, അതിനുള്ള ക്രമീകരണങ്ങള്‍ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗര്‍ റിപ്പോര്‍ട്ട്.

 

നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ഇതില്‍ കാണാം. ഇതിനിടെ രണ്ടു ട്രെയിനുകള്‍ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവായിരിക്കാം അപകട കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം. ഗുഡ്‌സ് ട്രെയിനാണ് ലൂപ് ലൈനില്‍ ആദ്യം എത്തിയത്.130 കി.മീ. വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്‌സില്‍ ഇടിച്ചു.

 

ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ അടുത്തുള്ള പാളത്തിലേക്ക് കയറിയെന്നും അതുവഴിയെത്തിയ യശ്വന്ത്പുര്‍ ഹൗറ എക്‌സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഹൗറ എക്‌സ്പ്രസിന്റെ ബോഗികളും പാളം തെറ്റുകയായിരുന്നു.

 

 

OTHER SECTIONS