നവചരിത്രമെഴുതി നാരി ശക്തി വന്ദന്‍ അധിനിയം; ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

By Web Desk.19 09 2023

imran-azhar

 

 


കെ.പി.രാജീവന്‍

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് നവചരിത്രമെഴുതി പുതിയ പാര്‍ലമെന്റ് മന്ദിരം. നാരി ശക്തി വന്ദന്‍ അധിനിയം എന്ന വനിത സംവരണ ബില്‍ നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ചൊവ്വാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ചു. 128-ാം ഭരണഘടന ഭേദഗതിയായാണ് വനിത സംവരണ ബില്‍ അവതരിപ്പിച്ചത്.

 

മൂന്ന് പതിറ്റാണ്ട് നീണ്ട തടസ്സങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ക്കും ശേഷമാണ് വനിത ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവതരിപ്പിച്ചത്. ലോകസഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്നു. ബില്‍ പ്രകാരം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലെ മൂന്നിലൊന്ന് സീറ്റുകളും ഈ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കും. എന്നാല്‍ ഇത് 2029 ല്‍ മാത്രമെ പ്രാബല്യത്തിലാകുകയുള്ളു. കാരണം 2027 ലെ സെന്‍സസിന് ശേഷമുള്ള മണ്ഡല പുനര്‍ നിര്‍ണ്ണയം നടപ്പിലാക്കിയാലെ നിയമം പ്രാബല്യത്തില്‍ വരികയുള്ളു.

 

പ്രതിപക്ഷം ബില്ലിനെ ചൊല്ലി സഭയില്‍ ബഹളം സൃഷ്ടിച്ചു. 2010 ല്‍ രാജ്യസഭ പാസാക്കിയ ബില്‍ നിലവിലുണ്ടെന്ന വാദം ഉയര്‍ത്തി പ്രതിപക്ഷം സാങ്കേതിക തടസം ഉന്നയിച്ചു. എന്നാല്‍ ഈ ബില്‍ 2014 ഓടെ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. വനിത സംവരണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്നും നിലപാടെടുത്തതായി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 1989 ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്ന ബില്‍ രാജ്യസഭ പാസാക്കിയതിനാല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

 

എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ തെളിയിക്കാന്‍ അനുബന്ധ രേഖകള്‍ നല്‍കാനായില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പഴയ ബില്‍ 2014 ല്‍ 15-ാം ലോകസഭ പിരിച്ചുവിട്ടതോടെ കാലഹരപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖകള്‍ ഹാജരാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ പരാമര്‍ശം രേഖകളില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹം സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

 

ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്താനുള്ള രണ്ട് ആര്‍ട്ടിക്കിളുകളിലെ ഭേദഗതി മാത്രമാണ് പുതിയ പതിപ്പില്‍ നിന്നും ഒഴിവാക്കിയത്.

 


ലോകസഭയില്‍ 181 വനിതകളാകും

 

വനിത സംവരണം നടപ്പിലാകുന്നതോടെ ലോകസഭയില്‍ വനിതാപ്രാതിനിധ്യം 181 ആയി ഉയരും. കേരളത്തിലെ 20 ലോക്‌സഭ എം.പി മാരില്‍ ആറ് പേര്‍ വനിതകളായി മാറും. കേരള നിയമസഭയിലാകട്ടെ 46 പേര്‍ വനിത എം.എല്‍.എ മാരായിരിക്കും. ഇപ്പോള്‍ 11 വനിത എം.എല്‍.എമാരാണുള്ളത്. നിലവില്‍ ലോകസഭയിലും രാജ്യത്തെ നിയമസഭകളിലും ആകെ വനിത പ്രാതിനിധ്യം 14 ശതമാനം മാത്രമാണ്.

 

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

 

# ലോകസഭയിലും നിയമസഭയിലും 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയ്ക്കും ലെജിസ്ലേറ്റീവ് കൗണ്‍സിലിനും ബാധകമല്ല.

 

# 2027 ലെ സെന്‍സസിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ച ശേഷം മണ്ഡല അതിര്‍ത്തി നിര്‍ണ്ണയം നടത്തി സംവരണ സീറ്റുകള്‍ പ്രഖ്യാപിക്കും.

 

# ഓരോ മണ്ഡലം നിര്‍ണ്ണയത്തിന് ശേഷം ലോകസഭയിലെയും നിയമസഭയിലെയും വനിത സംവരണ സീറ്റുകളില്‍ ക്രമീകരണമുണ്ടാകും

 

# ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കുള്ള സംവരണം ഒഴിവാക്കും.

 

# പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യും.

 

# രണ്ട് വനിത എം.പിമാരെ ഒരു സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കില്ല.

 

# വനിത സംവരണ ബില്‍ നിയമമായാല്‍ 15 വര്‍ഷമാണ് കാലാവധിയെങ്കിലും അത് നീട്ടാന്‍ കഴിയും.

 


അവസാനമായി സംയുക്ത സമ്മേളനം

 


രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പുതിയ യുഗം സൃഷ്ടിച്ചാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനം നടന്നത്. പഴയ മന്ദിരത്തില്‍ അവസാന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ പുതിയ മന്ദിരത്തിലേക്ക് നടന്ന് കയറിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 1.15 ന് ലോകസഭയും 2.15 ന് രാജ്യസഭയും ചേര്‍ന്നു. ഇരു സഭകളിലെയും അംഗങ്ങള്‍ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് മുമ്പില്‍ ഒത്ത് ചേര്‍ന്നു ഫോട്ടോ എടുത്തു. തുടര്‍ന്ന് പുതിയ മന്ദിരത്തിലെത്തിയ എം.പിമാര്‍ക്ക് ഭരണഘടനയുടെ പകര്‍പ്പ്, നാണയം, സ്റ്റാമ്പുകള്‍ എന്നിവ സമ്മാനമായി നല്‍കി.

 

 

OTHER SECTIONS