By Web Desk.24 09 2023
വാഷിംഗ്ടണ്‍: ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് ഭൂമിയില്‍ എത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യം ഓസിരിസ് റെക്‌സ് വിജയകരം. എട്ടുകോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമായ നിന്ന് ശേഖരിച്ച കല്ലും മണ്ണും ഉള്‍പ്പെടെയുള്ള സാംപിളുകളുമായാണ് ഓസിരിസ് റെക്‌സ് ഭൂമിയില്‍ തിരിച്ചെത്തിയത്. യുഎസിലെ യൂട്ടാ മരുഭൂമിയിലെ ടെസ്റ്റ് റേഞ്ചിലായിരുന്നു ഓസിരിസ് റെക്‌സ് ലാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാത്രി 8.12ന് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. പാരച്യൂട്ട് വിന്യസിച്ചാണ് പേടകത്തിന്റെ വേഗം നിയന്ത്രിച്ചത്. 8.23ന് യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങി. ബെന്നുവില്‍ നിന്ന് 2 വര്‍ഷം മുന്‍പു ശേഖരിച്ച സാംപിളുകളാണുള്ളത്.
ബെന്നുവിലേക്കും തിരികെ ഭൂമിയിലേക്കുമായി ഏതാണ്ട് 6.2 ബില്യന്‍ കിലോമീറ്ററായിരുന്നു ഓസിരിസിന്റെ യാത്ര. 250 ഗ്രാം സാംപിളുകളാണ് പേടകത്തിലുള്ളത്.
2016ല്‍ വിക്ഷേപിച്ച ഓസിരിസ് 2018 ലാണ് ഛിന്നഗ്രഹമായ ബെന്നുവില്‍ ഇറങ്ങിയത്. 2020 ഒക്ടോബറില്‍ ബെന്നുവില്‍ ഇറങ്ങി നിര്‍ണായക ദൗത്യം നിര്‍വഹിച്ചു.