By Priya.25 11 2022
കൊച്ചി: എളംകുളത്ത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതെന്ന് സൂചന.നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കൊച്ചി സൗത്ത് പൊലീസ് റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ നടപടികള്‍ ഊര്‍ജിതമാക്കി .കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാഗീരഥി ജൂണില്‍ നേപ്പാളിലേക്ക് പോയി മടങ്ങിവെന്ന ശേഷമാണ് റാം ബഹദൂറിന്റെ സംശയം ബലപ്പെടുന്നത്.
മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകളും ഇതിന് കാരണമായി. ഭാഗീരഥി ഗര്‍ഭിണിയാണെന്ന് റാം ബഹദൂറിന് സംശയമുണ്ടായിരുന്നു.സെപ്റ്റംബറില്‍ കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തി. ഇത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സൗത്ത് പൊലീസ് പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടിയെങ്കിലും കേരളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ അടക്കം സഹായത്തോടെ പ്രതിയെ കേരളത്തിലെത്തിക്കാനാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.
റാം ബഹദൂര്‍ കഴുത്ത് ഞെരിച്ചാണ് ഭാഗീരഥിയെ കൊലപ്പെടുത്തിയത്. ഭാഗീരഥിയുടെ മൃതദേഹത്തിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ റാം ബഹദൂറിന്റെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു.
ഒക്ടോബര്‍ 24നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 19ന് ഭാഗീരഥിയെ കൊലപ്പെടുത്തിയ റാം ബഹദൂര്‍ രണ്ട് ദിവസം കഴിഞ്ഞാണ് കൊച്ചിയില്‍ നിന്ന് കടന്ന് കളഞ്ഞത്.