By parvathyanoop.19 03 2023
രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച് വരുന്നു. കോവിഡ് വൈറസിന്റെ xbb1.16 എന്ന പുതിയ വകഭേദമാണ് വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നത്.
രോഗവ്യാപന ഭീതിയില്‍ നിന്ന് രാജ്യം മോചിതമായി വരുമ്പോഴാണ് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റ് കോവിഡ് വകഭേദങ്ങള്‍ക്ക് സമാനമായി പനി, ശരീര വേദന, ചുമ, ജലദോഷം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ക്ഷീണം എന്നിവ തന്നെയാണ് പുതിയ വകഭേദത്തിന്റെയും ലക്ഷണങ്ങള്‍.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വളരെ വേഗത്തില്‍ ഇവ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ xbb 1.16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും പുതിയ വകഭേദം പടര്‍ന്നു പിടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. 129 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രോഗികളുടെ എണ്ണം 1,000 കടക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5,915 ആയി ഉയര്‍ന്നു.24 മണിക്കൂറിനുള്ളില്‍ 1,071 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പുതുതായി മൂന്ന് മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,802 ആയി ഉയര്‍ന്നു.
രാജസ്ഥാന്‍, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. അതേസമയം, ലോകത്ത് ഇതുവരെ xbb 1.16 വകഭേദം കാരണമുള്ള മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഏറ്റവും പുതിയ xbb 1.16 വകഭേദവുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍, ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള വകഭേദമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വളരെ വേഗത്തില്‍ തന്നെ ഇവ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.