By Web Desk.19 09 2023
തിരുവനന്തപുരം: നിപ ഭീഷണി തടയാന്‍ സംസ്ഥാനം കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ല.
എന്നാല്‍, രോഗം കൂടുതല്‍ പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളത്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനായി. അതിനാല്‍, കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാനായി.
നിപ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയായിരുന്നു പ്രവര്‍ത്തനം. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തില്‍ പങ്കാളിയായി. 19 ടീമുകള്‍ അടങ്ങിയ കോര്‍ കമ്മിറ്റി രൂപീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള കുട്ടികള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.
സംസ്ഥാനത്ത് നിപ രോഗ നിര്‍ണയത്തിന് ലാബുകള്‍ സജ്ജമാണ്. 2023ല്‍ നിപ രോഗ ബാധ സംബന്ധിച്ച പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നു.
നിപ രണ്ടാം തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും സാധ്യത തള്ളാന്‍ സാധിക്കില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ വന്നതെന്ന ചോദ്യത്തിന് ഐസിഎംആര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.