By priya.12 08 2022
ന്യൂഡല്‍ഹി: രാജ്യത്ത് ഉടന്‍ സ്‌കൈബസ് വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സ്‌കൈബസ്. വൈദ്യുതിയിലാണ് സ്‌കൈബസ് ഓടുന്നത്.ഡല്‍ഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൈബസ് ഉടന്‍ വരുമെന്ന് മന്ത്രി പറഞ്ഞു.
ചെലവ് കുറവും കൂടുതല്‍ കാര്യക്ഷമവുമായ സ്‌കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്‌കൈബസിനു 50 കോടി മതി.
ഒരേസമയം ചെറിയ സ്‌കൈബസില്‍ 300 ല്‍ അധികം യാത്രക്കാര്‍ക്ക് കയറാം.നിര്‍മാണ ചെലവും വളരെ കുറവാണ്.ഇതിനായുള്ള ഡബിള്‍ ഡക്കര്‍ സ്‌കൈബസുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ടാംനിരയില്‍പെട്ട നഗരങ്ങളിലാണ് കൂടുതല്‍ പ്രായോഗികമാകുക. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മിക്കുന്നതിന്റെ നാലിലൊന്നു ചെലവില്‍ സ്‌കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് ഗഡ്കരി പറയുന്നത്. പില്ലറുകളില്‍ ആകാശത്തുകൂടി നീങ്ങുന്ന ഡബിള്‍ ഡക്കര്‍ സ്‌കൈ ബസുകള്‍ കൂടുതല്‍ ലാഭകരമാണ്.
സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകള്‍ സ്ഥാപിക്കാന്‍ റോഡിനു നടുവില്‍ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളില്‍ തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറയുന്നു.