By priya .09 06 2023
ഡല്‍ഹി: 2024 ന് മുന്‍പായി റോഡ് അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കണമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന സര്‍ക്കാരിന്റെയും മറ്റ് അധികൃതരുടെയുമെല്ലാം ഭാഗത്തെ നിരവധി പോരായ്മകള്‍ കാരണമാണ് ലക്ഷ്യം സാധിക്കാന്‍ കഴിയാത്തത് എന്ന് മന്ത്രി വ്യക്തമാക്കിയതായി പിടിഐയ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് തെരുവുയുദ്ധങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയെക്കാള്‍ കൂടുതല്‍ പേര് റോഡപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'2024-ന് മുമ്പ് ഞങ്ങള്‍ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് വളരെയധികമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചില പോരായ്മകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല..' ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തി. റോഡപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തില്‍ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി, കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ ഏര്‍പ്പെടുത്തി, രാജ്യത്തുടനീളമുള്ള റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
2024ന് മുമ്പ് റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നിരുന്നാലും, നിരവധി പോരായ്മകള്‍ കാരണം അത് സാധ്യമല്ലെന്ന് നിതിന്‍ ഗഡ്കരി പറയുന്നു.
ഇന്ത്യയിലുടനീളമുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് റോഡ് എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്ന ആളുകള്‍ അവരുടെ ജോലി ശരിയായി ചെയ്യുന്നില്ലെന്നും ചെലവില്‍ ലാഭിക്കണം എന്നതു മാത്രമാണ് അവരുടെ ചിന്താഗതിയെന്നും മന്ത്രി പറഞ്ഞു.
നിര്‍മ്മാണച്ചെലവ് കുറയ്ക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുമ്പോള്‍ ബന്ധപ്പെട്ട ആളുകള്‍ റോഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങള്‍ ബ്ലാക്ക് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞു. നല്ല റോഡ് സൈനേജുകള്‍ പോലും അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ലെയ്ന്‍ അച്ചടക്കം രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പകുതി യുദ്ധത്തില്‍ വിജയിക്കാന്‍ നമ്മളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് എഞ്ചിനീയറിംഗ്, അപകടമുണ്ടായാല്‍ നടപടി, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് , റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാഭ്യാസം, എന്‍ഫോഴ്സ്മെന്റ് എന്നീ അഞ്ച് സുപ്രധാന കാര്യങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജനങ്ങളുടെ പിന്തുണയാണ് റോഡ് സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമെന്ന് താന്‍ കരുതുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. റോഡ് എഞ്ചിനീയറിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മുടെ രാജ്യത്ത് സിവില്‍ എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ഒമ്പത് വര്‍ഷമായി ഈ വകുപ്പില്‍ ജോലി ചെയ്യുന്നുവെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ചുലക്ഷം റോഡപകടങ്ങള്‍ക്ക് നടക്കുന്നുണ്ടെന്നും രണ്ട് ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. കൂടാതെ, ഈ അപകടങ്ങള്‍ മൂന്ന് ലക്ഷം പേര്‍ക്ക് കാലുകളും കൈകളും ഒടിഞ്ഞതുപോലുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുന്നു.
ഓരോ വര്‍ഷവും രാജ്യത്തിന്റെ ജിഡിപിയുടെ മൂന്ന് ശതമാനം ഈ റോഡപകടങ്ങളില്‍ നഷ്ടപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.