By web desk .24 01 2023
മനുഷ്യവംശത്തിന്റെ അതിജീവനത്തിന് മനുഷ്യര്‍ ഗ്രഹാന്തര ജീവികളായി മാറേണ്ടിയിരിക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടിരുന്നു.
ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യന് സഞ്ചരിക്കാന്‍ ഒരു സ്പേസ് ഷിപ്പ് നിര്‍മിക്കാന്‍ ശ്രമിക്കുകയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്.
നിലവില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മണിക്കൂറില്‍ 39600 കിമീ വേഗതയില്‍ യാത്ര ചെയ്താല്‍ ഏഴ് മാസത്തില്‍ ചൊവ്വയിലെത്തും. ഭൗതിക ശാസ്ത്രജ്ഞരുടെ പുതിയ പദ്ധതി പ്രകാരം ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളില്‍ നിന്ന് ദിവസങ്ങളായി പരിമിതപ്പെടുത്താന്‍ കഴിഞ്ഞേക്കും.
ന്യൂക്ലിയര്‍ തെര്‍മല്‍ ആന്റ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപല്‍ഷന്‍ (എന്‍ടിപി/എന്‍ഇപി)എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഇതുവഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസ ബൈ മോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ വികസിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിരുന്നു.ഇതില്‍ ന്യൂക്ലിയര്‍ തെര്‍മല്‍ , ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപല്‍ഷന്‍ (എന്‍ടിപി/എന്‍ഇപി) എന്നിങ്ങനെ രണ്ട് രീതികളാണിതിലുള്ളത്.
നാസ ഇനവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സപ്റ്റ്സ് പദ്ധതിയ്ക്ക് കീഴില്‍ ഈ സാങ്കേതിക വിദ്യയുടെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നാസ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതടക്കം 14 പദ്ധതികളാണ് നാസ തിരഞ്ഞെടുത്തിട്ടുള്ളത്.
വേവ് റോട്ടര്‍ ടോപ്പിങ് സൈക്കിള്‍ സംവിധാനം ഉപയോഗിച്ചുള്ള ഈ ബൈമോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലൂടെ ചൊവ്വയിലേക്കുള്ള യാത്ര 45 ദിവസമായി ചുരുക്കാന്‍ സാധിക്കും.
ഫ്ളോറിഡ സര്‍വകലാശാലയില്‍ ഹൈപ്പര്‍സോണിക്സ് പ്രോഗ്രാം ഏരിയയുടെ മേധാവിയായ പ്രൊഫ. റയാന് ഗോസ് ആണ് ഈ പദ്ധതി അവതരിപ്പിച്ചത്.
ബൈ മോഡല്‍ ന്യൂക്ലിയര്‍ സംവിധാനത്തിലെ ആദ്യ രീതിയായ ന്യൂക്ലിയര്‍ തെര്‍മല്‍ പ്രൊപല്‍ഷന്‍ സംവിധാനത്തില്‍ ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ ഉപയോഗിച്ച് ദ്രവ ഹൈഡ്രജന്‍ ഇന്ധനത്തെ ചൂടാക്കി അയണൈസ് ചെയ്ത ഹൈഡ്രജന്‍ ഗ്യാസ് ആക്കി മാറ്റും.
ഇത് കടത്തിവിട്ടാണ് റോക്കറ്റിന് ഉയരാന്‍ വേണ്ട ത്രസ്റ്റ് സൃഷ്ടിക്കുന്നത്. അതേസമയം എന്‍ഇപിയില്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് റോക്കറ്റിന്റെ ത്രസ്റ്റ് സൃഷ്ടിക്കുന്നത്.
ഇന്ധനക്ഷമത ഉള്‍പ്പടെ നിലവിലുള്ള കെമിക്കല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തേക്കാള്‍ ഒരു പാട് നേട്ടങ്ങള്‍ മുകളില്‍ പറഞ്ഞ രീതികള്‍ക്കുണ്ട്. എങ്കിലും ഈ സംവിധാനങ്ങളുടെ പരിമിതികളും നാസ പരിഗണിക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി 12500 ഡോളര്‍ നാസ നല്‍കും.