ഒഡീഷ ട്രെയിന്‍ അപകടം; 40 പേര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് നിഗമനം

By priya.06 06 2023

imran-azhar

 

ഭുവനേശ്വര്‍: ഒഡീഷയില്‍ അപകടത്തില്‍പെട്ട കോറോമണ്ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റിട്ടാണെന്ന് നിഗമനം.

 

മരിച്ചവരുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൊട്ടിയ വൈദ്യുതകമ്പികള്‍ വീണതായിരിക്കാം മരണകാരണമെന്നാണ് വിലയിരുത്തല്‍.


റെയില്‍വേ പൊലീസ് ഓഫീസര്‍ പപ്പുകുമാര്‍ നായിക് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കംപാര്‍ട്ട്‌മെന്റുകള്‍ക്കു മുകളിലേക്കു വൈദ്യുത കമ്പികള്‍ വീണതാണ് നിരവധി പേരുടെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്.

 

കൊറോമണ്ഡല്‍ എക്‌സ്പ്രസിന്റെ പാളംതെറ്റിയ ബോഗികള്‍ക്കു മുകളിലേക്ക് യശ്വന്ത്പൂര്‍ബെംഗളൂരു ഹൗറ എക്‌സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്പികള്‍ പൊട്ടിയത്.

 

ചെന്നൈയിലേക്കുള്ള ട്രെയിന്‍ പാളത്തിലുണ്ടായിരുന്ന ഗുഡ്‌സ്‌ട്രെയിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. 'തിരിച്ചറിയാനാകാതെ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 40 പേരുടെ മൃതദേഹങ്ങളില്‍ ശരീരത്തില്‍ യാതൊരുവിധത്തിലുള്ള പരുക്കും കണ്ടെത്താനായില്ല.

 

അതുകൊണ്ടു തന്നെ ഇവരില്‍ പലരും വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് നിഗമനം.' പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

 

OTHER SECTIONS