By web desk.03 06 2023
ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരണം 288 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ 56 പേരുടെ നില ഗുരുതരമാണ്.
ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.55നാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കുവണ്ടിയില്‍ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കില്‍ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയത്.
തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ നിന്നും ഏറെ ശ്രമപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തത്. പല മൃതദേഹവും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ദക്ഷിണ-പൂര്‍വ റെയില്‍വെ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എസ്എംവിടി - ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ഉള്ളത്. ഇവരെല്ലാം ജനറല്‍ ബോഗിയില്‍ ഉള്ളവര്‍ ആണെന്ന് റെയില്‍വേ സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.
അപകട കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവാണെന്ന് റെയില്‍വെ സ്ഥിരീകരിച്ചു. ഷാലിമാര്‍ - ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അപകട സ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.
മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ ആദ്യം ഇടിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസാണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടം നടക്കുമ്പോള്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേര്‍വഴിയില്‍ പോയ ഹൗറ സൂപ്പര്‍ഫാസ്റ്റും അപകടത്തില്‍പെടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.