By Greeshma Rakesh.06 06 2023
പൂപ്പാറ: എസ്റ്റേറ്റ് പൂപ്പാറ ദമ്പതികള്‍ താമസിച്ചിരുന്ന കുടില്‍ ഒരു സംഘം ആളുകള്‍ ഇടിച്ചു നിരത്തിയതായി പരാതി. ചേരാടിയില്‍ ബാബുവും ഭാര്യ സരോജവും താമസിച്ചിരുന്ന കുടിലാണ് സമീപത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്.
വണ്ടിപ്പെരിയാറില്‍ നിന്ന് 14 വര്‍ഷം മുന്‍പ് ഇവിടെയെത്തി കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ് ബാബുവും ഭാര്യയും. 8 വര്‍ഷം മുന്‍പ് എസ്റ്റേറ്റ് പൂപ്പാറ മൂന്നുസെന്റ് കോളനിക്ക് സമീപം പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി ദമ്പതികള്‍ താമസിക്കാന്‍ തുടങ്ങി. മാത്രമല്ല ഈ സ്ഥലത്തിന് പട്ടയത്തിനുവേണ്ടി നേരത്തെ അപേക്ഷ നല്‍കിയതാണെന്നാണ് ബാബു പറയുന്നത്.
ഇവര്‍ക്കുപുറമേ മറ്റു ചില കുടുംബങ്ങളും പട്ടയമില്ലാത്ത ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. എന്നാല്‍ കുടിലിന്റെ ഒരു ഭാഗം സമീപത്തെ പട്ടയഭൂമിയിലാണെന്ന് ആരോപിച്ചാണ് ആ സ്ഥലത്തിന്റെ ഉടമ കുടില്‍ പൊളിച്ചതെന്ന് ബാബു പറയുന്നു.
ഞായറാഴ്ച പകല്‍ ബാബുവും ഭാര്യയും കൂലിപ്പണിക്ക് പോയ സമയത്താണ് കുടില്‍ പൊളിച്ചത്. ഇതോടെ ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലമില്ലാത്ത അവസ്ഥയായി. ബാബുവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ശാന്തന്‍പാറ സിഐ പറഞ്ഞു.