എള്ളോളം കള്ളമില്ലാത്ത പൊന്നോണം

By Web Desk.28 08 2023

imran-azhar

 

 

 

ഡോ. അനില്‍കുമാര്‍ എസ് ഡി

 

 

ഓണവില്ലും ഓണപ്പുടവയും ഊഞ്ഞാലും മുക്കുറ്റിപ്പൂവും പുഴയും കായലും മലയും കടലും മലയാളിക്കൊപ്പം ഓണം കാണുന്ന പുലരികള്‍ ഇനിയും വരട്ടേ

 

 

 

ഓര്‍മ്മകളിലെ ഓണത്തിനെ ഒക്കത്തെടുത്താണ് നമ്മള്‍ ഓരോ ഓണത്തിനും കാത്തിരിക്കുന്നത്. കഴിഞ്ഞയോണം മനസ്സിലേക്ക് കൊഴിച്ചിടുന്ന അനുഭവങ്ങളാണ് കാത്തിരിക്കുന്ന ഓണത്തിനെ ലഹരിപിടിപ്പിക്കുന്നത്. കാലം നമ്മളെ അടിമുടി മാറ്റിമറിച്ചാണല്ലോ മുന്നോട്ടു നയിക്കുന്നത്. ചിന്തകളും മോഹങ്ങളും ജീവിതവും വല്ലാത്ത വേഗം പ്രാപിച്ച ഈ കാലത്ത് നിന്ന് പിറകോട്ട് നോക്കുമ്പോള്‍, ഓണത്തിന്റെ ഓര്‍മ്മകള്‍ക്ക് മഴവില്ലിന്റെ ശോഭയാണ്. ഗ്രാമീണതയില്‍ പൊതിഞ്ഞിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ ഓണത്തിന്റെ കാത്തിരിപ്പ് തന്നെ സുന്ദരമായിരുന്നു. പഞ്ഞക്കര്‍ക്കിടകത്തെ തള്ളിനീക്കി പൊന്നിന്‍ചിങ്ങമാസത്തിനായി കാത്തിരിക്കുന്ന പ്രകൃതിയും മനുഷ്യരുമായിരുന്നു അക്കാലത്തെ ഓണത്തിന്റെ രസച്ചരട്. വിറകും വിഭവങ്ങളും ചിരിയും രസവും ഓണത്തിനായി കാത്തുവയ്ക്കുന്ന ഗ്രാമീണതയുടെ തരളഭാവവും ഇന്നലത്തെ ഓണങ്ങളുടെ വശ്യതയായിരുന്നു. തെളിഞ്ഞ ആകാശവും പൂത്തുലഞ്ഞ പ്രകൃതിയും എല്ലാവരുടേയും മനസ്സിലേക്ക് ഓണത്തപ്പന്റെ വരവറിയിക്കുമായിരുന്നു.

 

നാടന്‍ പാട്ടുകളും ഓണക്കളിയും പുലികളിയും ഓണത്തിനെ രസകരമാക്കിയിരുന്നു. പുന്നെല്ലരിച്ചോറും വറ്റലും പായസവും തയാറാക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയുമാണ് പ്രധാന ഓണക്കാത്തിരിപ്പ്. അത്തം മുതല്‍ പൂക്കളമിടാനും അതിനാവശ്യമായ നാടന്‍ പൂക്കള്‍ ശേഖരിക്കാനും കുട്ടികളും മുതിര്‍ന്നവരും ഉല്‍സാഹിക്കും. ചെമ്പരത്തിയും കാക്കപ്പൂവും കോളാമ്പിപ്പൂവും മുക്കൂറ്റിപ്പൂവും അരളിപ്പൂവും ജമന്തിയും തുമ്പയും പൂക്കളത്തിന് ശേഖരിക്കാനായി രാവിലെ തന്നെ കുട്ടികള്‍ വട്ടം കൂട്ടുമായിരുന്നു.

 

ഓണത്തെക്കുറിച്ച് എന്റെ കുട്ടിക്കാലത്ത് പറയുന്ന ഒരു ചൊല്ല് കേട്ടാല്‍ അന്നത്തെ ഓണത്തിന്റെ പ്രതീക്ഷയും അരക്ഷിതാവസ്ഥയും ബോധ്യപ്പെടും.

 

'ഒന്നാവോണം ഇടിയും പൊടിയും
രണ്ടാവോണം ഉണ്ടും ഉറങ്ങിയും
മൂന്നാവോണം മുക്കിയും മൂളിയും
നാലാവോണം നക്കിപ്പറക്കി
അഞ്ചാവോണം പഞ്ചാമൃതം'

 

ജീവിതത്തിന്റെ പല പ്രതിസന്ധികളിലൂടെയും ദു:ഖത്തിലൂടെയും കടന്നുപോയിരുന്ന മലയാളികളുടെ മനസ്സും വയറും നിറഞ്ഞ സമത്വസുന്ദരമായ ദിനമായിരുന്നു അന്ന് തിരുവോണം. കാണം വിറ്റായാലും ഓണമുണ്ണണം എന്ന മലയാളിബോധ്യം അന്ന് എല്ലാ മലയാളികളും ശിരസാവഹിച്ചിരുന്നു. മനസ്സിലേക്ക് ഒരു കൊടുങ്കാറ്റുപോലെ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്ന വസന്തമായിരുന്നു ഓണം. ബന്ധങ്ങളുടെ ഊഷ്മളതയും ഇഴയടുപ്പവും ഓണത്തിനേയും അതിന്റെ ആഘോഷങ്ങളേയും ഹൃദ്യമാക്കിയിരുന്നു.

 

ആധുനികതയുടെ തള്ളിക്കയറ്റം ആഘോഷങ്ങളുടെ സൂചികയേയും സന്തോഷത്തിന്റെ പ്രഹരശേഷിയേയും ഒത്തിരി മാറ്റിമറിച്ചല്ലോ. സമൂഹത്തിന്റെ ഈ പൊളിച്ചടുക്കല്‍ ഓണത്തിന്റെ ആഘോഷങ്ങളെ യാന്ത്രികമാക്കി. ഓണം മലയാളിയുടെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും വേര്‍പെട്ട് ഒരു ആചാരം മാത്രമായി. മാറിയ ഭക്ഷ്യസംസ്‌കാരവും പരിവര്‍ത്തനം ചെയ്യപ്പെട്ട രുചി മുകുളങ്ങളും ഓണത്തിന്റെ കാത്തിരിപ്പിനെ അലസമാക്കി, പലപ്പോഴും വിരസവും. തനതു കളികളും ഭക്ഷണവും കുടഞ്ഞെറിഞ്ഞ് അപരവല്‍ക്കരിക്കാന്‍ കൊതിക്കുന്ന മലയാളികളുടെ എണ്ണം പെരുകി വരുന്ന പുതിയ കാലഘട്ടത്തില്‍ ഓണവും ചരിത്രത്തിലേക്ക് താമസം മാറ്റുമോ എന്ന് ഭയപ്പെടാതിരിക്കാനാവില്ല.

 

ഓണവില്ലും ഓണപ്പുടവയും ഊഞ്ഞാലും മുക്കുറ്റിപ്പൂവും പുഴയും കായലും മലയും കടലും മലയാളിക്കൊപ്പം ഓണം കാണുന്ന പുലരികള്‍ ഇനിയും വരട്ടേ. മാവേലി നാടുവാണ ആ നല്ല കാലത്തെ കള്ളവും ചതിയും എള്ളോളമില്ലാത്ത കള്ളപ്പറയും കള്ളനാഴിയുമില്ലാത്ത മലയാളി മനസ്സുകള്‍ ഈ ഭൂമിയില്‍ അവശേഷിക്കുവോളം മാവേലിയുടെ ഭൂമിയിലേക്കുള്ള യാത്ര മുടങ്ങുകയില്ല.

 

മലയാളിക്ക് മണ്ണിനെ മറക്കാനാവാത്തത് പോലെ മാവേലിക്ക് തിരുവോണത്തിന് മലയാളികളെ കാണാതിരിക്കാനുമാവില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. കാലം എത്ര വേഗതയില്‍ മറവിയിലേക്ക് വലിച്ചിഴച്ചാലും മലയാളി ഓണത്തെ മറക്കില്ല. കാരണം എള്ളോളം കള്ളമില്ലാത്ത മലയാളിത്വമാണ് നമ്മുടെ പൊന്നോണം.

 

അങ്ങനെ തന്നെ പൊന്നോണം നിലനില്‍ക്കട്ടേ എന്ന് പ്രതീക്ഷിക്കുമ്പോഴും എന്നിലെ കവി മനസ്സിന്റെ ആശങ്ക ഇങ്ങനെ പറയുന്നു.

 

ഷിറ്റോണം

 

വാട്ട്സാപ്പിലെ അത്തക്കളങ്ങളിലെ
ജമന്തിപ്പൂക്കളിലും
തെച്ചിപ്പൂക്കളിലും
കണ്ണുകള്‍ കൊരുത്തിട്ട്
ലൈക്കുകളും കമന്റുകളും
വാരി വിതറിയപ്പോഴാണ്
അത്തം കടന്ന് പത്താം നാള്‍
ബ്ലഡീ ഓണം ഷിറ്റായത്.

 

ഉരിയുന്നമുണ്ട് ഉടുത്തുടുത്ത്
ഉച്ചയായപ്പോഴാണ്
ചോറും പോച്ചക്കറികളും
ഓര്‍ക്കാനിച്ചു വിഴുങ്ങിയത്.
മധുരമുള്ള ഒരു പുഡ്ഡിഗ്
പായസമെന്ന പേരില്‍
കോരിക്കുടിച്ചപ്പോള്‍
നാവും വയറും
ബര്‍ഗ്ഗറിനും ഷവര്‍മ്മയ്ക്കും
ബാര്‍ബിക്യൂ ചിക്കനുമായി
പോരാടുകയായിരുന്നു.

 

ബ്ലഡി ഓണം കേടാക്കിയ വയറില്‍
ചിക്കന്‍കാലെങ്കിലും ചവച്ചിറക്കി
ഒരു സ്‌ക്കോച്ചിന്റെ കോര്‍ക്ക്
കുത്തിത്താഴ്ത്തുമ്പോള്‍
ഉരിഞ്ഞുപോകുന്ന മുണ്ടിനും
ഊരിപ്പോകാത്ത ബര്‍മുഡയ്ക്കും
നടുവിലൂടെ മലയാളികള്‍
ഏതോ ഭാഷകളിലൂടെ,
കണ്ടതും കേട്ടതുമായ
സകല ഭാഷകളിലൂടെയും
ഓണത്തിന്റെ മാനം
ഉടുതുണിയൂരി കെടുത്തുന്നു!'

 

ഇങ്ങനെ മലയാളി മാറാതിരിക്കട്ടേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.

 

 

 

 

 

 

 

 

OTHER SECTIONS