By web desk.31 05 2023
വി ഡി ശെല്‍വരാജ്
തിരുവനന്തപുരം: ഒന്നേകാല്‍ ലക്ഷം വാക്കുകളുള്ള മലയാളം നിഘണ്ടു അടുത്ത മാസം ഓണ്‍ലൈനില്‍ കിട്ടിത്തുടങ്ങും. കേരള സര്‍ക്കാരിന്റെ ലിപി പരിഷ്‌കരണപദ്ധതിയുടെ ഭാഗമായി ഔദ്യോഗിക ഭാഷാവകുപ്പാണ് ഇതു തയ്യാറാക്കുന്നത്.
നിലവില്‍ മലയാള പദങ്ങളുടെ സംശയനിവൃത്തിക്ക് ആശ്രയം ശ്രീകണ്‌ഠേശ്വത്തിന്റെ ശബ്ദതാരാവലിയാണ്. പുതിയ പദങ്ങള്‍ ഭാഷയിലേക്ക് കൂട്ടിചേര്‍ത്ത് അപ്‌ലോഡ് ചെയ്യാനാവും വിധമാണ് ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയിട്ടുള്ളതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് വ്യക്തമാക്കി. മാധ്യമ എഡിറ്റര്‍മാരുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
പരിഷ്‌കരിച്ച ലിപി പ്രകാരമുള്ള പാഠപുസ്തകങ്ങള്‍ അടുത്ത ജൂണ്‍ മുതല്‍ ലഭ്യമാകും. 10 തരം ഫോണ്ടുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും താത്പര്യമുള്ള അക്ഷരമാതൃക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 25 തരം ഫോണ്ടുകള്‍ അപ്‌ലോഡ് ചെയ്യാനാണ് തീരുമാനം. രചന, ചെമ്പകം, മന്ദാരം തുടങ്ങിയ പേരുകളിലാണ് ഈ ഫോണ്ടുകള്‍.
ഏകീകൃതശൈലിയിലാക്കിയാണ് ഭാഷാ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. പദങ്ങള്‍ പലരീതിയില്‍ എഴുതുന്നതും പലതരം അക്ഷരമാതൃകകള്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ പതിവാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഫയലിംഗ് ആയതോടെ മന്ദാരം എന്ന ഒരു ഫോണ്ട് പൊതുമാതൃകയായി സ്വീകരിച്ചിട്ടുണ്ട്.