By Lekshmi.05 02 2023
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടി പൊലീസ്. ഓപ്പറേഷൻ ആഗിലൂടെ വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കം 2069 ഗുണ്ടകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊലീസ് ഗുണ്ടാബന്ധം, തലസ്ഥാനത്തടക്കം അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങൾ, വിദേശ ടൂറിസ്റ്റുകൾക്കെതിരെപ്പോലും തുടർച്ചയായ അതിക്രമം, ഗുണ്ടാ രാഷ്ട്രീയബന്ധം അങ്ങിനെ സർക്കാറും പൊലീസും നിരന്തരം പഴികൾ കേൾക്കുന്നതോടെയാണ് വീണ്ടുമുള്ള നടപടി.
വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹ്യ വിരുദ്ധർ, ലഹരി കേസ് പ്രതികൾ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിർദേശം.കഴിഞ്ഞ രണ്ട് ദിവസം നീണ്ട സംസ്ഥാന വ്യാപക തെരിച്ചലിലാണ് ഗുണ്ടകള്‍ പിടിയിലായത്.
കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടുവച്ചിട്ടും ലംഘിച്ചവർ എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തു. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത്.
റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചു.സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം.ഈ മാസം 13ന് ഡിജിപി നടത്തുന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിൽ ഓപ്പറേഷൻ ആഗിൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ചർച്ച നടത്തും.