ലാന്‍ഡിങ്ങിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍; വിമാനം സുരക്ഷിതമായി ഇറക്കി, 9 പേര്‍ ചികിത്സയില്‍

By Greeshma Rakesh.26 05 2023

imran-azhar

 

സോള്‍ (ദക്ഷിണ കൊറിയ): ലാന്‍ഡിങിനു തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍. ദക്ഷിണ കൊറിയയിലെ സോളില്‍ എഷ്യാന എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. എന്നാല്‍, എമര്‍ജന്‍സി വാതില്‍ തുറന്നതോടെ ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

 

ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനു തയ്യാറെടുക്കുന്നതിനിടെയാണ് A321-200 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറക്കുന്നത്. ഈ സമയം ഏകദ്ദേശം റണ്‍വേയില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തിലായിരുന്നു വിമാനം. അപ്രതീക്ഷിതമായി വാതില്‍ തുറന്നതോടെ ചില യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.

 

ഇവരെ ലാന്‍ഡിങിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേരാണ് ആശുപത്രിയില്‍ ചികിത്സയിലെന്നാണ് സൗത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.അതെസമയം വാതില്‍ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

 

 

OTHER SECTIONS