By Web Desk.10 06 2022
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് അന്തരിച്ചതായി അഭ്യൂഹം പ്രചരിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.
മുഷ്റഫ് മരിച്ചിട്ടില്ലെന്നു പിന്നീട് വിശദീകരണം വന്നു. അതോടെ പാക്ക് മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക് മാധ്യമപ്രവര്‍ത്തകനായ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു.
പിന്നീട് മുഷറഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബവും ആരോഗ്യ സ്ഥിതി വിശദീകരിച്ച് പോസ്റ്റിട്ടു.
പര്‍വേസ് മുഷറഫ് വെന്റിലേറ്ററിലല്ല. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ പൂര്‍ണ സൗഖ്യം അസാധ്യമായ തീര്‍ത്തും ദുഷ്കരമായ ഘട്ടമാണിത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കാന്‍ പ്രാര്‍ഥിക്കുമല്ലോ എന്നാണ് കുടുംബം ട്വീറ്റ് ചെയ്തത്.