സത്യപ്രതിജ്ഞ ചടങ്ങിൽ 750 പേർക്ക് ക്ഷണം; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

By Aswany mohan k.12 05 2021

imran-azhar

 

 

 

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേർ.

 


പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.

 

പൊതുജനങ്ങൾക്കു പ്രവേശനം ഇല്ല.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രണ്ടു മീറ്റർ അകലത്തിൽ ഇവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെൻട്രൽ സ്റ്റേഡിയത്തിൽ വിശാലമായ പന്തൽ നിർമിക്കും.

 

ആറു മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവൻ പേരും ഔദ്യോഗിക വാഹനം തിരികെ ഏൽപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

 

നിലവിൽ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാർക്കു നൽകിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാർക്കു നൽകും. സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളിൽ ആയിരിക്കും പുതിയ മന്ത്രിമാർ സെക്രട്ടേറിയറ്റിൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി പോകുക.

 


.

OTHER SECTIONS