By Lekshmi.01 10 2022
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിയ്ക്ക് സർക്കാർ നഷ്ടപരിഹാര തുക കൈമാറി.ഹൈക്കോടതി നിർദേശപ്രകാരം 1,75,000 രൂപ സർക്കാർ കുട്ടിയുടെയും റൂറൽ എസ് പിയുടെയും അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചു.പെൺകുട്ടിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിനിർത്താനും കുട്ടിയ്ക്ക് നഷ്ടപരിഹാര തുക നൽകാനും ആയിരുന്നു കോടതിയുടെ നിർദേശം.
എന്നാൽ കൈമാറിയ നഷ്ടപരിഹാര തുക കുട്ടിയ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും സർക്കാർ ഈടാക്കും.കഴിഞ്ഞ ഓഗസ്റ്റ് 27ന് തോന്നയ്ക്കലിൽ വെച്ച് വനിത പൊലീസ് ഉദ്യോഗസ്ഥയായ രജിത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കുകയായിരുന്നു.
ഐ എസ് ആർ ഒയുടെ റോക്കറ്റ് ഭാഗങ്ങൾ കൊണ്ട് പോകുന്നത് കാണാൻ അച്ഛനോടൊപ്പം റോഡിന് സമീപം നിന്ന കുട്ടിയെ പൊലീസ് വാഹനത്തിൽ നിന്നും തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് രജിത നടുറോഡിൽ കുറ്റവിചാരണ നടത്തുകയായിരുന്നു.
കാണാതായ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും നിരപരാധിയായ കുട്ടിയോട് ക്ഷമാപണം നടത്താൻ പോലും പൊലീസ് ഉദ്യോഗസ്ഥ തയ്യാറായിരുന്നില്ല.