അസമിൽ കുതിരക്കച്ചവടം ഭയന്ന് മുന്നണികൾ; സ്ഥാനാർഥികളെ വിദേശത്തേക്ക് മാറ്റി ബി.പി.എഫ്

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azharഗുഹാവത്തി: തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ അസമിൽ നിന്ന് മഹാസഖ്യത്തിൽ അംഗമായ ബോഡോലാൻറ് പീപ്പിൾസ് ഫ്രണ്ടും സ്ഥാനാർഥികളെ മാറ്റി.

 

കുതിരക്കച്ചവടം ഭയന്ന് വിദേശത്തേക്കാണ് ബി.പി.എഫ് സ്ഥാനാർഥികളെ മാറ്റിയത്. നേരത്തെ എ.ഐ.യു.ഡി.എഫ് സ്ഥാനാർഥികളെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു.

 

കേരളത്തിലെ പോലെ ഏപ്രിൽ ആറിനാണ് അസമിലും തെരഞ്ഞെടുപ്പ് പൂർത്തിയായത്. ഫലം വരാൻ മെയ് രണ്ട് വരെ കാത്തിരിക്കണം. ഈ ഇടവേളയാണ് അസമിൽ പ്രതിപക്ഷ പാർട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. അടുത്തിടെ തമുൽപൂർ ബി.പി.എഫ് സ്ഥാനാർത്ഥി രാംദാസ് ബി.ജെ.പിയിൽ ചേർന്നതോടെ സ്ഥാനാർഥികളെ മാറ്റാൻ ബോഡോലാൻറ് പീപ്പിൾസ് ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു.

 

എ.ഐ.യു.ഡി.എഫ് സ്ഥാനാർഥികളെ സഖ്യകക്ഷിയായ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ആണ് മാറ്റിയതെങ്കിൽ ബി.പി.എഫ് സ്ഥാനാർത്ഥികളെ വിദേശത്തേക്കാണ് കടത്തിയത്.

 

എന്നാൽ ഏത് രാജ്യത്തേക്കാണ് പത്ത് സ്ഥാനാർത്ഥികളേയും മാറ്റിയതെന്ന് പാർട്ടി വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരെ സ്ഥാനാർത്ഥികൾ വിദേശത്തായിരിക്കുമെന്നാണ് ബി.പി.എഫ് വൃത്തങ്ങൾ പറയുന്നത്.

 

ഫലം വരുന്നതിന് മുൻപ് തന്നെ ബി.പി.എഫ് സ്ഥാനാർത്ഥി രാംദാസ് ബിജെപിക്ക് പക്ഷത്തേക്ക് കൂറുമാറിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി പരാതി നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ സംസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും.

ഇതിനിടെ വോട്ടെണ്ണൽ വീഡിയോയിൽ ചിത്രികരിക്കണമെന്ന് ആവശ്യപ്പെട്ട് ആൻഞ്ചലിക് ഗണ മോർച്ച തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

 

വോട്ടണ്ണലിനിടെ ബിജെപിയോട് അനുഭാവമുള്ള ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് ആരോപണം ഉയർത്തിയാണ് കമ്മീഷനോട് വീഡിയോ ചിത്രീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

 

OTHER SECTIONS