പ്രതിഷേധച്ചൂടിനിടെ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ; 'ഗോ പട്ടേൽ ഗോ', ദ്വീപിലിന്ന് കരിദിനം

By sisira.14 06 2021

imran-azhar

 

 

 

കവരത്തി: അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദനയങ്ങൾക്കെതിരെ പ്രതിഷേധം കനക്കുമ്പോൾ പ്രഫുൽ ഖോഡാ പട്ടേൽ ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ന് ലക്ഷദ്വീപിലെത്തും.

 

ഇത് കണക്കിലെടുത്ത്‌ ദ്വീപ് നിവാസികളിന്ന് കരിദിനം ആചരിക്കും. കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.

 

പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ നിറയും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ എല്ലാ വീടുകളുടെയും മുന്നിൽ സ്ഥാപിക്കാനും നിർദേശമുണ്ട്.

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പട്ടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർ‍ശനമാണിത്.

 

എന്നാൽ മുൻ സാഹചര്യമല്ല ഇന്ന് ദ്വീപുകളിൽ. ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനം പ്രക്ഷോഭ രംഗത്ത് നിൽക്കുമ്പോഴാണ് അഡ്മിനിസ്ടേറ്റർ ഇന്ന് ദ്വീപിലെത്തുന്നത്.

 

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർക്ക് കർശന സുരക്ഷയാണ് ഒരുക്കുന്നത്. ജാഗ്രത പാലിക്കാൻ പൊലീസുൾപ്പെടെയുള്ള സേനാവിഭാഗങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

OTHER SECTIONS